താളിയോലകള്‍ക്ക്‌ സംഭവിച്ചത്‌...

...സോളമന്റെ ജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്നും വന്നു; ഇതാ ഇവിടെ സോളമനേക്കാള്‍ വലിയവന്‍ (ബൈബിള്‍: മത്തായി: 12:42)  

വിക്കിപീഡിയ

ആര്‍ക്കും എഡിറ്റ് ചെയ്യാവുന്ന എന്‍സൈക്ലോപ്പീഡിയ എന്നാണ് വിക്കിപ്പീഡിയയുടെ നിര്‍വചനം. കേട്ടത്‌ ശരിതന്നെ. ഏത്‌ അണ്ടനും അടകോടനും വന്നെഴുതാവുന്ന സ്ഥലം തന്നെ. അതായത്‌, പണ്ഡിതനും പാമരനും ഒരുപോലെ പങ്കെടുക്കാവുന്ന ഒരു പ്രസ്ഥാനം. എങ്കില്‍ പിന്നെ, ഓരോ ലേഖനങ്ങളുടേയും ആധികാരികത ആരുറപ്പാക്കും എന്നല്ലേ. പറയാം. ഉത്തരം എല്ലാവരും കൂടി എന്നാണ്. അതായത്‌ തെറ്റെഴുതിയാല്‍ തിരുത്താനും ആളുണ്ടെന്നര്‍ഥം.

വിക്കിപീഡിയ തുടങ്ങിയ കാലത്ത്‌ അതൊരു മഹാപ്രസ്ഥാനമായി മാറുമെന്ന്‌ വിചാരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. എന്നാലിന്ന്‌, ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയയോടൊപ്പം തന്നെ നില്‍ക്കുന്ന ഒരു സ്വതന്ത്ര, സൌജന്യ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു വിക്കിപ്പീഡിയ. ഇത്‌ വെറുതെ പറയുന്നതല്ല. ശാസ്ത്രലോകത്തെ ഏറ്റവും പേരുകേട്ട മാസികയായ നേചര്‍ അത്‌ ശാസ്ത്രീയമായ രീതികളുപയോഗിച്ച്‌ സ്ഥിരീകരിച്ചു. രീതി വളരെ ലളിതമാണ്. ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങള്‍ എവിടെ നിന്നെടുത്തതാണെന്നറിയിക്കാതെ അതാത്‌ വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു. അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോര്‍ ഒന്നിനോടൊപ്പം. കണ്ടുതന്നെ വിശ്വസിക്കേണ്ടുന്ന അത്ഭുതങ്ങള്‍.
Comments: Post a Comment<< Home

This page is powered by Blogger. Isn't yours?